മാനന്തവാടി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്ക രോഗികൾക്ക് ആശ്വാസമായി കബനിവാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിക്ക് ഒന്‍പത് ഡയാലിസിസ് മെഷീനുകൾ നൽകി. വൃക്ക രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് റോട്ടറി ക്ലബ് ഈ പദ്ധതി നടപ്പാക്കിയത്. ഇതോടെ സെന്റ് ജോസഫ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശേഷി വർധിക്കുകയും കൂടുതൽ രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നടത്താനും കഴിയും.
കോയന്പത്തൂർ ആലം റോട്ടറി ക്ലബിന്റെ സഹായത്തോടെ നാലു മെഷീനുകളും മാനന്തവാടി കബനി വാലിയുടെ ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ട് മുഖേന അഞ്ച് മെഷീനുകളും ഉൾപ്പെടെ ഒന്‍പതെണ്ണം കൈമാറി. മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഷി കന്പനിയുടെയും ബ്രസീലിലെ റോട്ടറി ക്ലബായ കാസിയാസ് ഡു സുളുവും ചേർന്നാണ് ഈ പദ്ധതിക്ക് സാന്പത്തിക പിന്തുണ നൽകിയത്. ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഗവ. അംഗീകൃത നിരക്കിൽ മാത്രമാണ് രോഗികൾക്ക് ഡയാലിസിസ് നടത്തുക. ബിപിഎൽ കാർഡുടമകൾക്കും പട്ടിക വർഗ വിഭാഗത്തിനും സൗജന്യമായിരിക്കും.
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. ഉഷാ വിജയൻ എംഎൽഎ, മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ, റിഷി സിഇഒ ജോസഫ് ഫ്രാൻസിസ്, മാനന്തവാടി രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, കബനിവാലി പ്രസിഡന്റ് ഷാജി ഏബ്രഹാം, സെക്രട്ടറി കെ.പി. റിൻസ്, ഫാ. മനോജ് കവളകാട്ടിൽ, കെ.ജി. സുനിൽ, ഡോ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.